ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ കരാറിനെതിരേ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി എംപിമാർ.
പുതിയ തൊഴിൽ നിയമത്തിനെതിരേ നടന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ ഇന്നലെ ഉച്ചവരെ ലോക്സഭ സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അമേരിക്കയുമായുള്ള വ്യാപാര കരാറിനെ ’ട്രാപ് ഡീൽ’ എന്നു വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എംപിമാർ രംഗത്തെത്തിയത്.
സഭാനടപടികൾ ആരംഭിച്ചപ്പോൾ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നട്ടി ചോദ്യോത്തരവേള ആരംഭിക്കാൻ നിർദേശം നൽകി. എന്നാൽ പ്ലക്കാർഡുമായി മുദ്രാവാക്യം മുഴക്കി എംപിമാർ നടുത്തളത്തിൽ ഇറങ്ങിയതോടെ ഉച്ചവരെ സഭാനടപടികൾ നിർത്തിവച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് അംഗം മനീഷ് തിവാരി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല.
പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയിലെ നേതാക്കൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.